District News
കഞ്ചിക്കോട്: വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ. പാറപ്പിരിവിലെ സ്വകാര്യ വ്യക്തിയുടെ പ്ലാസ്റ്റിക്, റബര്‍ ഉത്പന്ന മാലിന്യങ്ങള്‍ ശേഖരിച്ച പറമ്പിലായിരുന്നു തീപിടുത്തം. തീ ആളിക്കത്താന്‍ തുടങ്ങിയതോടെ സമീപത്തെ കമ്പനികളിലും തീ പടരുമെന്ന ആശങ്കയുമുയര്‍ന്നു.
എന്നാല്‍ പാലക്കാട്, കഞ്ചിക്കോട് മേഖലകളില്‍ നിന്നെത്തിയ അഗ്നിശമനസേന നാലു മണിക്കൂറോളം പരിശ്രമിച്ചു തീ നിയന്ത്രണ വിധേയമാക്കി. കഴിഞ്ഞ വര്‍ഷവും പാറപ്പിരിവിലെ പ്ലാസ്റ്റിക് സംഭരണശാലയില്‍ തീപിടുത്തമുണ്ടായിരുന്നു.
ഈ പ്ലാസ്റ്റിക് സംഭരണശാലയില്‍ ചെരുപ്പ് നിര്‍മാണത്തിനുള്ള അസംസ്കൃത വസ്തുക്കളാണ് സൂക്ഷിക്കുന്നത്. തീപിടുത്തം പതിവാകുമ്പോഴും യാതൊരു സുരക്ഷ നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതിയും ഉയര്‍ന്നിട്ടുണ്ട്. പ്ലാസ്റ്റിക് സംഭരണശാലക്കു സമീപം നിരവധി വ്യവസായശാലകളാണ് സ്ഥിതി ചെയ്യുന്നത്.
തീ ആളിപ്പടര്ന്നാല് വന്ദുരന്തത്തിനിടയാക്കും. പലപ്പോഴും തീപിടുത്തം വന്‍ അപകടസാധ്യതക്ക് വഴിയൊരുക്കുന്നുണ്ടെങ്കിലും അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അപകടങ്ങള്‍ ഒഴിവാകുന്നത്.
District News
ഹരിപ്പാട്: പള്ളിപ്പാട് ആഞ്ഞിലിമൂട്ടില്‍ കുടിവെള്ള ടാങ്കിനു സമീപം കൂട്ടിയിട്ടിരുന്ന ഫൈബര്‍ പൈപ്പിന് തീപിടിച്ചു. മണിക്കൂറുകളുടെ ശ്രമത്തിനുശേഷം അഗ്നിശമനസേന തീ അണച്ചു. ഇന്നലെ നാലിന് തീ ആളിക്കത്തുന്നത് നാട്ടുകാരാണ് കണ്ടത്. ഉടന്‍ ഹരിപ്പാട് ഫയര്‍സ്റ്റേഷനില്‍നിന്നും രണ്ടു യൂണിറ്റ് എത്തിയെങ്കിലും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. തുടര്‍ന്ന് കായംകുളം, മാവേലിക്കര ഭാഗത്തുനിന്നും രണ്ട് യൂണിറ്റ് കുടി എത്തിയാണ് തീ അണച്ചത്.
പ്ളാസ്റ്റിക്കും-ഫൈബറും അടങ്ങിയ മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച പൈപ്പായതിനാല്‍ തീയുടെ പുകയും ശക്തിയും സമീപത്ത് വ്യാപിച്ചു. കുടിവെള്ള പദ്ധതി പ്രദേശത്തേക്ക് കടക്കാനുള്ള ഗെയ്റ്റ് പൂട്ടി ഇട്ടിരുന്നതിനാല്‍ ഫയര്‍ഫോഴ്സിന് പെട്ടെന്ന് അകത്തുകടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. പിന്നീട് പൂട്ട് തല്ലിത്തുറന്നാണ് പദ്ധതി പ്രദേശത്ത് കടന്നത്. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കുടിവെള്ള പദ്ധതി ഇതുവരെയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി 200 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്.